കബനിയുടെ കാമുകന്‍

കബനിയുടെ കാമുകന്‍

നിഹാദ് എന്‍ വാജിദിന് കബനിയോട് ഇത്രമേല്‍ പ്രിയം എന്തെന്ന് ചോദിക്കാത്ത സുഹൃത്തുക്കള്‍ അപൂര്‍വ്വമായിരിക്കും. കാരണം മറ്റൊന്നുമല്ല, വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയെ അത്രമേല്‍ സ്‌നേഹിക്കുന്ന നിഹാദിന് കബനി സമ്മാനിച്ചത് അത്രയേറെയാണ്. അതിനാല്‍തന്നെ മിക്ക വാരാന്ത്യങ്ങളിലും അയാള്‍ കബനിയുടെ വന്യതയും തണുപ്പും തേടി പോകുന്നു.

വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയുടെ ലോകത്തേക്ക്
ആദ്യകാലങ്ങളില്‍ വിനോദയാത്രകള്‍ക്ക് പോകുമ്പോള്‍ കയ്യില്‍ ക്യാമറയുള്ള ഏത് വ്യക്തിയെയും പോലെ കാഴ്ചകള്‍ നിഹാദ് ക്യാമറയില്‍ പകര്‍ത്തുമായിരുന്നു.
അതില്‍തന്നെ പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ചിത്രങ്ങളുടെ നിലവാരത്തെക്കുറിച്ചും ആംഗിളുകളെ കുറിച്ചും സുഹൃത്തുക്കളില്‍നിന്നും ഏറെ പ്രശംസകളും നല്ലവാക്കുകളും ലഭിച്ചു. അത് തുടര്‍ന്നപ്പോള്‍ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയെ ഗൗരവമായി സമീപിക്കുവാന്‍ നിഹാദ് തീരുമാനിച്ചു. ചിത്രങ്ങള്‍ പകര്‍ത്താനായി ഒരിക്കല്‍ കബനിയിലെത്തി. അന്നുമുതല്‍ നിഹാദിനെ കബനി അരികില്‍ ചേര്‍ത്തു നിര്‍ത്തി.
നിഹാദിന്റെ സ്വദേശമായ തൃശൂര്‍ വടക്കാഞ്ചേരിയില്‍നിന്നും കബനിയിലെത്താന്‍ മൂന്ന് വഴികളിലൂടെ പോകാം. വയനാട് കുട്ട വഴിയും, ബന്ദിപ്പൂര്‍ വഴിയും, സത്യമംഗലം കാടു വഴിയും. അതില്‍ അദ്ദേഹം എപ്പോഴും തിരഞ്ഞെടുക്കാറുള്ളത് സത്യമംഗലം കാടുവഴിയാണ്. മറ്റ് രണ്ട് റൂട്ടുകളെക്കാള്‍ നൂറു കിലോമീറ്റര്‍ അധികമാണ് ഈ വഴിയുള്ള സഞ്ചാരം. എന്നാല്‍ ഈ വഴിത്താര നല്‍കുന്ന കാഴ്ചകളുടെ വിസ്മയങ്ങള്‍ ഏറെയാണ്. മിക്കവാറും ഒറ്റയ്ക്കായിരിക്കും ഡ്രൈവിംഗ്. ഒട്ടുമിക്ക യാത്രകളിലും വഴികാട്ടിയും സുഹൃത്തുമായ തൃശൂര്‍ സ്വദേശി ഷോബി കൂടെയുണ്ടാകും. ഷോബി പക്ഷികളെപറ്റിയും വൈല്‍ഡ്‌ലൈഫിനെക്കുറിച്ചും ഏറെ പരിചയസമ്പനായ ഒരു വ്യക്തിത്വമാണ്. അതിനാല്‍തന്നെ തന്റെ യാത്രകളിലെ വലംകൈ ഷോബിയാന്നെന്ന് നിഹാദ് പറയുന്നു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 35-ലധികം തവണയാണ് അദ്ദേഹം കബനിയിലെത്തിയത്. നിഹാദിന്റെ ഭാഷയില്‍ ഒരു വൈല്‍ഡ്‌ലൈഫ് ഷോപ്പിംഗ് മാള്‍. കബനിയിലെത്തി രാവിലത്തെ സഫാരിയ്ക്ക് പോകുമ്പോള്‍ ഉള്‍ക്കാടിലെത്തിയാല്‍ ഒന്നു റിലാക്‌സ് ചെയ്യുവാന്‍ ആദ്യം കണ്ണുമടച്ച് 10 മിനിറ്റ് കിടക്കും. കാടുണരാന്‍ ഏകദേശം 7 മണിയെങ്കിലുമാകും. അതുവരെ കാട് ഒരു സ്വര്‍ഗ്ഗംതെന്നയായിരിക്കും. അത്രയും ശുദ്ധമായ വായു കോടികള്‍ കൊടുത്താലും നമുക്ക് കിട്ടില്ല. നിഹാദിന്റെ വാക്കുകള്‍. ഇത് പറയുമ്പോള്‍ നിഹാദ് കബനിയില്‍ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ എന്നൊും കരുതരുത്. ബന്തിപ്പൂര്‍, മൂന്നാര്‍, പറമ്പിക്കുളം, സത്യമംഗലം, നെല്ലിയാംപതി തുടങ്ങിയ ഇടങ്ങളിലൊക്കെ അദ്ദേഹം നിരവധി തവണ യാത്രകള്‍ നടത്തിയിട്ടുണ്ട്.

ലക്കും ലൈറ്റും
ലക്കും ലൈറ്റുമാണ് ഒരു വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറെ സംബന്ധിച്ച് പ്രധാനമെന്ന് കടുവകളെയും പുലികളെയും ഫ്രെയിമിലാക്കുതിന് ഏറെ ഇഷ്ടപ്പെടുന്ന നിഹാദിന്റെ അഭിപ്രായം. ഒരു കടുവയുടെ ഫേട്ടോ കിട്ടാന്‍ ഇരുപതിലധികം തവണ തുടര്‍ച്ചയായി സഞ്ചരിച്ചിട്ടുണ്ട്. ഇത് ഉപേക്ഷിക്കണമെന്ന് വരെ അന്ന് തോന്നി. എന്നാല്‍ അതിനുശേഷം എന്റെ ക്യാമറയ്ക്കു മുന്നില്‍ എത്തിയത് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. കടുവകള്‍, പുള്ളിപ്പുലി, ബ്ലാക്ക് പാന്ഥര്‍ തുടങ്ങി പലരും നിരവധി വര്‍ഷങ്ങളായി കാണാനും പകര്‍ത്താനുമായി കാത്തിരിക്കുന്ന മൃഗങ്ങളും അവയുടെ അപൂര്‍വ്വ ദൃശ്യങ്ങളും. അതില്‍ ഭാഗ്യത്തിന് വളരെയധികം സ്ഥാനമുണ്ട്. നിഹാദ് അഭിമാനത്തോടെ പുഞ്ചിരിക്കുന്നു.

ഭീതി സമ്മാനിച്ച നിമിഷങ്ങള്‍
ഒരിക്കല്‍ കബനിയോടുള്ള ആവേശം മൂത്ത് വയനാട് കുട്ട വഴി, നാടുകാണിയുലൂടെ പുലര്‍ച്ചെ രണ്ടര മണിക്ക് ഡ്രൈവ് ചെയ്ത് മൈസൂര്‍ റൂട്ടിലേക്ക് കടക്കുന്ന സമയത്ത് വഴിയുടെ വളവ് തിരിഞ്ഞ ഉടന്‍ രണ്ട് ആനകള്‍ മുന്നില്‍ നില്‍ക്കുന്നു. അതു വല്ലാതെ ഭയപ്പെടുത്തിയ കാഴ്ചയായിരുന്നു. എന്തു സംഭവിക്കുമെറിയാത്ത അവസ്ഥ. അപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം വണ്ടി അനക്കാതെ നിര്‍ത്തി. ആദ്യം ഒന്നു നോക്കിയതിനുശേഷം അവ മെല്ലെ നടന്നു നീങ്ങി. ആ ഭീതിജനകമായ നിമിഷങ്ങളുടെ ഭാവം ഇത് പറയുമ്പോഴും നിഹാദിന്റെ വാക്കുകളിലും മുഖത്തും ചെറുതായെങ്കിലും ഉണ്ടായിരുന്നു..

പ്രിയപ്പെട്ട ചിത്രങ്ങള്‍
ബ്ലാക്ക്പാന്ഥറിനെ കാണുക എതുതന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. കബനിയില്‍ വച്ച് ബ്ലാക്ക് പാന്ഥറിനെ കാണാന്‍ സാധിച്ചതിനു പുറമേ അത് 20 മിനുട്ടോളം മുന്നില്‍ ചിലവഴിച്ചതും മനസുനിറയെ നിരവധി ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചതും ഒരു അവിസ്മരണീയമായ അനുഭവമായിരുന്നു നിഹാദിന്.
ഒരിക്കല്‍ കബനിയില്‍വച്ച് ഒരു പുള്ളിപ്പുലി, പ്രസവിച്ച ഉടനെയുള്ള ലങ്കൂര്‍ കുഞ്ഞിനെ കടിച്ചെടുത്തുകൊണ്ടുപോകുന്ന കാഴ്ച വളരെയധികം വേദന ഉളവാക്കിയ ഒന്നാണ്. പക്ഷെ കാടിലെ നിയമം അതാണല്ലോ. ആ ചിത്രത്തിന് വൈല്‍ഡ്‌ലൈഫ് വേള്‍ഡിന്റെ ബെസ്റ്റ് ക്ലിക്ക് ഓഫ് ദ മന്ത്, ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബന്ദിപ്പൂരില്‍വച്ച് മരത്തിനുമുകളിലിരിക്കുന്ന രണ്ട് ലങ്കൂറുകളുടെ തൂങ്ങിക്കിടക്കുന്ന വാല്‍ ഊഞ്ഞാലാക്കി ആടിരസിക്കുന്ന കുട്ടിലങ്കൂറിന്റെ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞതും ഒരു അപൂര്‍വ്വ അനുഭവമായിരുന്നു. ഇതിനും പുറമേ കബനിയില്‍വച്ച് പുള്ളിപ്പുലി മാനിനെ വേട്ടയാടി മറ്റു മാനുകള്‍ക്കു മുന്നിലൂടെ കൊണ്ടുപോകുന്ന ചിത്രം ചെറിയ വേദന സമ്മാനിച്ച ഒന്നാണ്.

റോള്‍ മോഡലുകള്‍
കേരളത്തിന്റെ അഭിമാനമായ എന്‍.എ നസീറും, ഇന്ത്യയിലെ ഈ രംഗത്ത് പ്രഗത്ഭനായ സുധീര്‍ ശിവറാമുമാണ് നിഹാദിന്റെ റോള്‍മോഡലുകള്‍. കാടിനെ ഒരു ക്ഷേത്രമായി കണ്ട് കാടിനായി ജീവിതം സമര്‍പ്പിച്ച നസീര്‍ ഒന്നു ശ്രമിച്ചാല്‍ നിഷ്പ്രയാസം ലോകത്തിനുമുന്നില്‍തന്നെ മുദ്രപതിപ്പിക്കാനാകുന്ന ഒരു വ്യക്തിത്വമാണ.് ശരിക്കും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറെന്നാല്‍ അദ്ദേഹമാണെന്ന് പലപ്പോഴും തോന്നമിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവവും ലാളിത്യവും തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് നിഹാദ് പറയുന്നു.

ഐ.ടി മേഖലയിലെ ജോലി രാജിവച്ച് കഴിഞ്ഞ 15 വര്‍ഷത്തോളമായി ഒരു ഫോട്ടോഗ്രാഫറും, അധ്യാപകനും, ടൂര്‍ കോഓഡിനേറ്ററുമായി ശോഭിക്കുന്ന സുധീര്‍ ഇത്തെ ഹൈടെക്ക് ലോകത്തിന്റെ സാധ്യതകള്‍ ഏറെ പ്രയോജനപ്പെടുത്തുന്ന ഒരു വ്യക്തിയാണ്. ഓരോ ദിവസവും ഫെയ്‌സ്ബുക്കില്‍ മൂന്നും നാലും പ്രാവശ്യം ലൈവില്‍ വന്ന് ടിപ്‌സുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്ന അദ്ദേഹം ഈ രംഗത്തെ ഏവര്‍ക്കും ഒരുവഴികാട്ടികൂടിയാണ്. അത് എന്നെ അപ്പ് ടു ഡേറ്റ് ആവാന്‍ സഹായിക്കുന്നു. നിഹാദ് പറയുന്നു.
കൂടാതെ ബാംഗ്ലൂരില്‍ ഐ.ടി എഞ്ചിനീയറായ അമല്‍ ജോര്‍ജ്, റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി എഞ്ചിനീയറും ഈ രംഗത്ത് അനുഭവസമ്പത്തുകൊണ്ടും വൈദഗ്ദ്ധ്യംകൊണ്ടും പ്രഗത്ഭനും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിരംഗത്ത് സംസ്ഥാന അവാര്‍ഡ് ജേതാവുമായ മധുസൂദനന്‍, നിരവധി തവണ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഫൈസല്‍ മാഗ്നറ്റ്, ഏറ്റവുമധികം പിന്തുണയും പ്രോത്സാഹനവും നല്‍കുകയും ഓരോ ചിത്രങ്ങളെയും വിലയിരുത്തുകയും വിമര്‍ശ്ശിക്കുകയും ചെയ്യുന്ന രാജു മോഹന്‍ കോട്ടയ്ക്കല്‍, വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിരംഗത്തെ സ്ത്രീ സാന്നിദ്ധ്യമായ സീമാ സുരേഷ് നീലാംബരി തുടങ്ങിയവരും തനിക്ക് ഈ മേഖലയില്‍ അളവറ്റ പിന്തുണ നല്‍കുവരാണെന്ന് അദ്ദേഹം തെല്ലൊരു വിനയത്തോടെ പറയുന്നു.

കാടറിയണം, ക്യാമറയെ അറിയണം.
വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി സംബന്ധമായ ഓരോ ഉപകരണങ്ങളും ക്യാമറയും വാങ്ങുമ്പോള്‍ ഏറെ ശ്രദ്ധ ചെലുത്തണം. ഓലൈന്‍ മാത്രം നോക്കി വാങ്ങുമ്പോള്‍ അവ പലപ്പോഴും നമുക്ക് യോജിച്ച് ആകണമെന്നില്ല. അതിനാല്‍തന്നെ ഡെമോ കണ്ട്, പഠിച്ചതിനുശേഷം മാത്രം ക്യാമറ വാങ്ങുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ധനനഷ്ടമായിരിക്കും ഫലം. ഈ രംഗത്ത് തുടക്കക്കാര്‍ക്ക് ഏറ്റവും വിശ്വസിച്ച് വാങ്ങാവുന്ന ഒരു മോഡലാണ് നിക്കോണ്‍ പി-900. അടുത്തപടിയായി ഏറ്റവും പെര്‍ഫെക്ഷന്‍ ഉറപ്പു നല്‍കുന്ന ഒരു ക്യാമറയാണ് നിക്കോണ്‍ ഡി-500. ഇതിനൊപ്പം 200,500 ലെന്‍സിന്റെ കോമ്പിനേഷന്‍ ഈ മേഖലയ്ക്ക് ഏറ്റവും യോജിച്ചതാണെന്ന കാര്യം ലോകം അംഗീകരിച്ചതാണ്. അനുഭവസ്ഥന്റെ വാക്കുകള്‍.
ഡിജിറ്റല്‍ ലോകത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വിശ്വസിക്കുന്ന നിഹാദ് താന്‍ എടുക്കുന്ന ചിത്രങ്ങള്‍ പരമാവധി പേരിലേക്കെത്തണമെന്ന് ഉറച്ചുവിശ്വസിക്കുന്നു. അതിനാല്‍തന്നെ മിക്ക ചിത്രങ്ങളും ഫെയ്‌സ്ബുക്കും മറ്റ് നവ മാധ്യമങ്ങളും മുഖേന ഷെയര്‍ചെയുതിന് ശ്രദ്ധിക്കുന്നു. അതില്‍ ഒട്ടേറെ അപൂര്‍വ്വ ചിത്രങ്ങളും ഉള്‍പ്പെടുന്നു.
ഔദ്യോഗികമായി കേരളത്തില്‍ അറിയപ്പെടുന്ന സ്വകാര്യ സ്ഥാപന ശ്യംഖലയുടെ ഉയര്‍ന്ന സ്ഥാനം ഏല്‍പ്പിക്കുന്ന തിരക്കുകള്‍ക്കിടയിലും നിഹാദിനെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് ഉമ്മയും ബാപ്പയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമാണ്. ഇതിനുംപുറമേ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സഹപ്രവര്‍ത്തകരും നല്‍കുന്ന പിന്തുണയും ഏറെ വലുതാണ്.

‘ഇന്ന് യുവതലമുറയിലെ ധാരാളം പേര്‍ താല്‍പര്യം നിമിത്തം ഈ രംഗത്തേക്ക് വരുന്നുണ്ട്. വൈല്‍ഡ്‌ലൈഫിനെ പരമാവധി ഉപദ്രവിക്കാതെ അവരുടെ സ്വാതന്ത്രത്തില്‍ കടുകയറാതെ എപ്പോഴും ഫോട്ടോഗ്രാഫിയ്ക്കായി ശ്രദ്ധിക്കണം. കാരണം കാട് അവരുടെ ലോകമാണെന്ന് ഓര്‍ക്കുക. ഇതിനുംപുറമേ വന്യമൃഗങ്ങളുടെ മുന്നില്‍നിന്ന് സെല്‍ഫി എടുക്കുത് ഇന്നൊരു ട്രന്റായി മാറിയിരിക്കുന്നു. അത് തികച്ചും അപകടകരമാണെന്നത് അറിയുക. അതുപോലെ അവയ്ക്ക് തീറ്റ നല്‍കാതിരിക്കാനും ശ്രദ്ധിക്കുക. കാരണം അതുമൂലം വാഹനങ്ങള്‍ക്കിടയില്‍പ്പെട്ടും, മറ്റ് കാരണങ്ങള്‍ മൂലവും അവയ്ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ ഏറെയാണ് എന്നതുതന്നെ.’ ഏറെ വിനീതമായ ഒരു ഉപദേശം എന്നനിലയില്‍ നിഹാദ് പറഞ്ഞു നിര്‍ത്തി.

പ്രബീഷ് നയ്യാര്‍

Share

Related Article

0